Sports
കൊച്ചി: ഫിഡെ അണ്ടര്-12 ലോക കിരീടം നേടി മലയാളി താരം ദിവി ബിജേഷ്. ജോര്ജിയയിലെ ബത്തൂമിയില് നടന്ന ഫിഡെ അണ്ടര്-12 ഗേള്സ് വേള്ഡ് കപ്പിലാണ് തിരുവനന്തപുരം സ്വദേശിനിയായ ദിവി ജേതാവായത്.
11 റൗണ്ടുകളില്നിന്ന് ഒന്പത് പോയിന്റ് നേടിയ ദിവി, ഏഴാം റൗണ്ട് മുതല് ലീഡ് നിലനിര്ത്തിയാണു ചാമ്പ്യന്ഷിപ്പ് സ്വന്തമാക്കിയത്. അവസാനറൗണ്ടില് റഷ്യയുടെ അലിസ യങ്കറിനെതിരേ സമനില നേടിയതോടെ കിരീടം ഉറപ്പിച്ചു.
2025ല് ഫിഡെ അണ്ടര്-10 ഗേള്സ് വേള്ഡ് കപ്പ് നേടിയ ആദ്യചാമ്പ്യനായ ദിവി, 2025-ലെ ലോക അണ്ടര്-10 റാപ്പിഡ് ചാമ്പ്യനുമാണ്.
2025ലും 2026ലുമായി ദിവിയുടെ മൂന്നാമത്തെ ലോക കിരീടമാണിത്. ഈ വിജയത്തോടെ നവംബറില് നടക്കുന്ന ഫിഡെ വേള്ഡ് കേഡറ്റ് ചാമ്പ്യന്ഷിപ്പിൽ പങ്കെടുക്കാന് യോഗ്യത നേടിയ ആദ്യതാരമായി ഈ ആറാം ക്ലാസ് വിദ്യാര്ഥി.
NRI
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 16,17 തീയതികളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഐഐസി ഓപ്പൺ ചെസ് ടൂർണമെന്റ് വിജയകരമായി നടത്തുന്നതിനായി അബുദാബി ചെസ് അക്കാദമിയുമായി ധാരണയായി.
ഇതിനായുള്ള ധാരണാപത്രത്തിൽ അബുദാബി ചെസ് അക്കാദമിക്കാദാമി ജനറൽ മാനേജർ അഹമ്മദ് സദാഹും, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിനായി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞിയും ഒപ്പുവച്ചു.
NRI
റിയാദ്: കേളി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാരംസ് - ചെസ് ടൂർണമെന്റ് കാണികളിലും മത്സരാർഥികളിലും ആവേശമുണർത്തി. രജതജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന 25 പരിപാടികളാണ് കേളി സംഘടിപ്പിക്കുന്നത്.
ഇതിൽ ആറ് പരിപാടികൾ ഇതിനോടകം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന മത്സരത്തിൽ 96 മത്സരാർഥികൾ പങ്കെടുത്തു.
കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് കാരംസ് മത്സരവും കേളി സെക്രട്ടറി സുനിൽ കുമാർ ചെസ് മത്സരവും ഉദ്ഘാടനം ചെയ്തു.
ബെസ്റ്റ് ഓഫ് ത്രീ മാതൃകയിൽ നടത്തിയ കാരംസ് മത്സരത്തിൽ ഒരേസമയം ആറ് മത്സരങ്ങൾ വീതം നടന്നു. ഉനൈസ് ഖാൻ, മൻസൂർ, ഷമീർ പറമ്പാടി, തൊയ്യിബ്, ഷാനവാസ്, കമ്മു സലീം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ടൂർണമെന്റ് റഫറി സുരേഷ് പള്ളിയേൽ നിയന്ത്രിച്ച ഫൈനലിൽ ജംഷാദ്-റഷീദ് നയിച്ച ടീം വിജയികളായി. ഷംസീർ-ലത്തീഫ് നയിച്ച ടീം റണ്ണറപ്പായി. ഏഴ് വയസുള്ള കുട്ടികൾ മുതൽ 60 വയസിന് മുകളിലുള്ളവർ വരെ പങ്കെടുത്ത ചെസ് മത്സരത്തിൽ ഒരേസമയം 16 മത്സരങ്ങൾ വീതം നടന്നു.
ആർബിറ്റർ ലത്തീഫ് കൂളിമാടിന്റെ നേതൃത്വത്തിൽ നടന്ന ആറു റൗണ്ട് മത്സരത്തിൽ രതീഷ്, മുകുന്ദൻ, സെയ്ൻ, അഞ്ജു, റഫീഖ് പാലത്ത്, നസീർ മുള്ളൂർക്കര, അനീഷ്, റാസിക്, സൈദലവി, സുനിൽ ഉദിനൂക്കാരൻ, ഇസ്മായിൽ എന്നിവർ ബോർഡ് റഫറിമാരായി.
ഡോക്യുമെന്റേഷൻ ടീമിൽ ഷമീർ കുന്നുമ്മൽ, കിഷോർ ഇ. നിസാം എന്നിവർ പ്രവർത്തിച്ചു. ആവേശകരമായ ഫൈനലിൽ 5.5 പോയിന്റ് നേടി ഷമീർ ബദറുദ്ധീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അഞ്ച് പോയിന്റ് വീതം നേടിയ ഫായിസ് മമ്പുള്ളിൻഹല്ലിൽ, അബ്ദുൽ റൗഫ്, മുഹമ്മദ് അബ്ദുൽ ഹഖ് എന്നിവർ സമനിലയിലെത്തിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ അബ്ദുൽ റൗഫിനെ രണ്ടാം സ്ഥാനക്കാരനായി പ്രഖ്യാപിച്ചു.
സമാപന സമ്മേളനത്തിൽ കേളി സിൽവർ ജൂബിലി ചെയർമാൻ ജോസഫ് ഷാജി അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫി കേളി സെക്രട്ടറി സുനിൽ കുമാറും റണ്ണറപ്പിനുള്ള ട്രോഫി പ്രസിഡന്റ് ഗഫൂർ ആനമങ്ങാടും സമ്മാനിച്ചു.
പ്രൈസ് മണി ട്രഷറർ മധു ബാലുശേരി വിതരണം ചെയ്തു. പ്രോപ് അപ് ഡിസൈൻ, വേളിവുഡ് ലോഞ്ച് എന്നിവരാണ് രണ്ടാം സ്ഥാനക്കാർക്കുള്ള പ്രൈസ് മണി സ്പോൺസർ ചെയ്തത്.
കേളി സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ, ചെയർ മാൻ ഫക്രുദ്ദീൻ മമ്പാട്, സെക്രട്ടറിയേറ്റ് അംഗം ഷിംനേഷ് വയനാൻ, അസീസിയ ഏരിയ ആക്ടിംഗ് സെക്രട്ടറി സുഭാഷ് എന്നിവർ ടെക്നിക്കൽ പിന്തുണ നൽകി.
കേന്ദ്ര കമ്മിറ്റി അംഗം സുജിത്, വളന്റിയർ കമ്മിറ്റി വൈസ് ക്യാപ്റ്റൻ റെനീസ് കരുനാഗപ്പള്ളി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കൺവീനർ ജവാദ് പരിയാട്ട്, ജോയിന്റ് കൺവീനർ റിയാസ് പള്ളാട്ട്, പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സിൽവർ ജൂബിലി ആക്ടിംഗ് കൺവീനർ റഫീഖ് ചാലിയം സ്വാഗതവും കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു.
Sports
വാഴ്സോ: സൂപ്പര് റാപ്പിഡ് ആന്ഡ് ബ്ലിറ്റ്സ് പോളണ്ട് ചെസില് ഇന്ത്യയുടെ ലോക ചാമ്പ്യന് ഡി. ഗുകേഷ് അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ തോല്പ്പിച്ചു.
അവസാന റൗണ്ടിലായിരുന്നു ഗുകേഷിന്റെ ജയം. എന്നാല്, ടൂര്ണമെന്റില് ഒമ്പത് പോയിന്റുമായി നാലാം സ്ഥാനം പങ്കിടാനേ ഗുകേഷിനു സാധിച്ചുള്ളൂ. 13 പോയിന്റുമായി അമേരിക്കയുടെ ഹാന്സ് നീമാന് ചാമ്പ്യനായി.
Sports
മാള്മോ: 2026 സിഗ്മാന് ആന്ഡ് കമ്പനി ചെസ് ടൂര്ണമെന്റില് നോര്വെയുടെ സൂപ്പര് താരം മാഗ്നസ് കാള്സന് ചാമ്പ്യന്.
ഇന്ത്യയുടെ അര്ജുന് എറിഗയ്സിയെ ടൈബ്രേക്കറില് കീഴടക്കിയായിരുന്നു കാള്സന് ചാമ്പ്യനായത്.
ഏഴ് റൗണ്ടുള്ള പോരാട്ടത്തിലെ അവസാന മത്സരത്തില് അര്ജുന് എറിഗയ്സി സമനില വഴങ്ങി. അതേസമയം, കാള്സന് ജയം നേടി. അതോടെ അഞ്ച് പോയിന്റ് വീതവുമായി ഇരുവരും ഒന്നാം സ്ഥാനത്ത്. അതോടെ ജേതാവിനെ നിശ്ചയിക്കാന് ടൈബ്രേക്കര്.
ടൈബ്രേക്കറിലെ ആദ്യ മത്സരത്തില് കാള്സനും രണ്ടാം ഗെയിമില് അര്ജുനും ജയിച്ചു. അതോടെ സഡന്ഡെത്ത്. അതില് കാള്സന് ജയം നേടി ചാമ്പ്യന്പട്ടം സ്വന്തമാക്കി.
Sports
മാള്മോ: 2026 സിഗ്മാന് ആന്ഡ് കമ്പനി ചെസ് ടൂര്ണമെന്റിന്റെ അവസാന റൗണ്ട് മാത്രംശേഷിക്കേ ഇന്ത്യയുടെ അര്ജുന് എറിഗയ്സി ഒന്നാം സ്ഥാനത്ത്.
ചൈനയുടെ വനിതാ സൂപ്പര്താരം ഹു ജിനെറിനെ 67 നീക്കത്തിനൊടുവില് കീഴടക്കിയാണ് 4.5 പോയിന്റുമായി അര്ജുന് എറിഗയ്സി ടേബിളില് ഒന്നാം സ്ഥാനത്തുള്ളത്.
നാല് പോയിന്റ് വീതവുമായി നോര്വെയുടെ മാഗ്നസ് കാള്സനും തുര്ക്കിയുടെ യാഗീസ് കാന് എര്ഡോഗ്മസുമാണ് രണ്ടാമത്.
ടൂര്ണമെന്റില് ഇതുവരെ തോല്വി അറിയാത്ത അര്ജുന്റെ അവസാന റൗണ്ടില് എതിരാളി അമേരിക്കയുടെ ആന്ഡി വുഡ് വേര്ഡാണ്.
Sports
പെഗിയ (സൈപ്രസ്): ഫിഡെ 2026 കാന്ഡിഡേറ്റ്സ് ചെസ് ടൂര്ണമെന്റിന്റെ വനിതാ വിഭാഗം പോരാട്ടം ആവേശ ക്ലൈമാക്സിലേക്ക്.
കരുനീക്കത്തിന്റെ ‘തലയുദ്ധം’ പത്ത് റൗണ്ട് പൂര്ത്തിയായപ്പോള് ഇന്ത്യയുടെ ആര്. വൈശാലി ഒന്നാം സ്ഥാനത്ത്. ആറ് പോയിന്റുമായാണ് വൈശാലി ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്കു നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള അന്ന മുസിചുക്ക്, ഷു ജിനര് എന്നിവരുമായി 0.5 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് വൈശാലിക്കുള്ളത്.
ഒമ്പതാം റൗണ്ട് പൂര്ത്തിയായപ്പോള് ചൈനയുടെ ഷു ജിനറിനും വൈശാലിക്കും 5.5 പോയിന്റ് വീതമായിരുന്നു. എന്നാല്, 10-ാം റൗണ്ടില് ഷു ജിനര് കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവയോട് പരാജയപ്പെട്ടു. അതേസമയം, 10-ാം റൗണ്ടില് യുക്രെയ്നിന്റെ അന്ന മുസിചുക്കുമായി വൈശാലി സമനിലയില് പിരിഞ്ഞു.
അതോടെ, വൈശാലിക്ക് ആറും അന്ന മുസിചുക്കിന് 5.5 പോയിന്റുമായി. എസ്ബി (സോണ്ബോണ്-ബെര്ഗര്) സ്കോറില് ഷു ജിനറിനേക്കാള് (25.75) മുന്നിലുള്ള അന്ന മുസിചുക്കാണ് (27.25) പോയിന്റ് പട്ടികയില് വൈശാലിക്കു പിന്നില് രണ്ടാം സ്ഥാനത്ത്.
ഇന്ത്യയുടെ മറ്റൊരു താരമായ ദിവ്യ ദേശ്മുഖ് പത്താം റൗണ്ടില് റഷ്യയുടെ അലക്സാന്ദ്ര ഗോറിയാച്ച്കിനയോട് പരാജയപ്പെട്ടു. 4.5 പോയിന്റുമായി ദിവ്യ ഏഴാം സ്ഥാനത്താണ്.
എതിരില്ലാതെ ജോവാഖിര്
ഓപ്പണ് (പുരുഷ) വിഭാഗത്തില് പത്ത് റൗണ്ട് പൂര്ത്തിയായപ്പോള് ഉസ്ബക്കിസ്ഥാന്റെ ജോവാഖിര് സിന്ഡറോവ് ഒന്നാം സ്ഥാനത്ത് തുടരുന്നു. പത്താം റൗണ്ടില് സിന്ഡറോവ് ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദയെ തോല്പ്പിച്ചു. എട്ട് പോയിന്റുമായാണ് ഉസ്ബക്കിസ്ഥാന് താരം ടേബിള് ടോപ്പായി തുടരുന്നത്. നെതര്ലന്ഡ്സിന്റെ അനീഷ് ഗിരിയാണ് (ആറ് പോയിന്റ്) രണ്ടാം സ്ഥാനത്ത്. നാല് പോയിന്റുമായി പ്രഗ്നാനന്ദ ഏഴാം സ്ഥാനത്താണ്.
ടൂര്ണമെന്റില് 14 റൗണ്ടാണുള്ളത്. ഇരു വിഭാഗത്തിലെയും 11-ാം റൗണ്ട് ഇന്ന് അരങ്ങേറും. ഇന്നലെ വിശ്രമദിനമായിരുന്നു. 13 ആണ് അടുത്ത വിശ്രമദിനം. 2026 ലോക ചെസ് ചാമ്പ്യന്ഷിപ്പില്, നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികളെ നിശ്ചയിക്കാനാണ് കാന്ഡിഡേറ്റ്സ് ടൂര്ണമെന്റ്. ഓപ്പണ് (പുരുഷ) വിഭാഗത്തില് ഇന്ത്യയുടെ ഡി. ഗുകേഷ് ആണ് ലോക ചാമ്പ്യന്.
Sports
പ്രഗിയ (സൈപ്രസ്): ഫിഡെ 2026 കാന്ഡിഡേറ്റ്സ് ചെസ് ടൂര്ണമെന്റിന്റെ ആദ്യ രണ്ട് റൗണ്ട് പൂര്ത്തിയായപ്പോള് ഓപ്പണ് വിഭാഗത്തില് ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഒരു ജയം ഒരു സമനില എന്നിങ്ങനെയുള്ള പ്രകടനത്തോടെ 1.5 പോയിന്റാണ് പ്രഗ്നാനന്ദയ്ക്ക്.
ഉസ്ബക്കിസ്ഥാന്റെ 20കാരനായ ജാവോഖിര് സിന്ഡറോവ്, അമേരിക്കയുടെ ഫാബിയാനൊ കരുവാന എന്നിവര്ക്കും 1.5 പോയിന്റ് വീതമുണ്ട്.
ഓള് ഇന്ത്യ സമനില
വനിതാ കാന്ഡിഡേറ്റ്സ് പോരാട്ടത്തില് രണ്ടാം റൗണ്ടില് അരങ്ങേറിയ ഓള് ഇന്ത്യ പോരാട്ടത്തില് ദിവ്യ ദേശ്മുഖും ആര്. വൈശാലിയും സമനിലയില് പിരിഞ്ഞ് പോയിന്റ് പങ്കുവച്ചു.
മത്സരിക്കുന്ന എട്ട് താരങ്ങള്ക്കും ആദ്യ രണ്ട് റൗണ്ടിലും ജയം നേടാന് സാധിച്ചില്ലെന്നതും ശ്രദ്ധേയം.